നൂറുകണക്കിനാളുകൾ മതേതരത്വത്തിന്റെ കൊടിക്കീഴിൽ അണിനിരന്ന് രാജ്യത്തെ വിഭജിക്കാൻ ഒരു വർഗീയ ശക്തിയെയും അനുവദിക്കില്ലെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച യോഗത്തിൽ ടാഗോർ ഹാളിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾക്കൊപ്പം കേന്ദ്രസർക്കാരിന്റെ ബുൾഡോസറുകളെ ധീരമായി നേരിട്ട സിപിഐ എം പിബി അംഗം ബൃന്ദ കാരാട്ടും പങ്കെടുത്തു.
രാജ്യത്തുടനീളം ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും സ്ത്രീകൾക്കുമെതിരെ വർധിച്ചുവരുന്ന ഹിന്ദുത്വ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബൃന്ദ കാരാട്ടിനെ സദസ്സ് വീരോചിതമായി വരവേറ്റു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഷാൾ അണിയിച്ചു. വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജായാലും പോപ്പുലർ ഫ്രണ്ട് നേതാവായാലും കേരളത്തിൽ ജയിലിൽ പോകേണ്ടിവരുമെന്നും ബൃന്ദ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിനായുള്ള പോരാട്ടത്തിന് കേരളം നേതൃത്വം നൽകുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.
ടാഗോർ ഹാളിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു സദസ്സ്. പുറത്ത് ഒരു പ്രത്യേക സ്ക്രീനിൽ പരിപാടി തത്സമയം കാണിച്ചു. യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ ടി ജലീൽ എംഎൽഎ, കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ഫാ. മാത്യൂസ് വാഴക്കുന്നം, എസ് വൈ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എ നാസർ, എഴുത്തുകാരൻ കെ പി രാമനുണ്ണി, വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി, എഴുത്തുകാരി ഖദീജ മുംതാസ് എന്നിവർ സംസാരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സന്ദേശം സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് സദസ്സിലേക്ക് വായിച്ചു. ഭരണഘടനാ സംരക്ഷണ സമിതി കൺവീനർ കെ ടി കുഞ്ഞിക്കണ്ണൻ സ്വാഗതവും യു ഹേമന്ത് കുമാർ നന്ദിയും പറഞ്ഞു. ഡോ.ഗീനാകുമാരി ബൃന്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. സിപിഐ എം സംസ്ഥാന.
കമ്മിറ്റിയംഗങ്ങളായ എ പ്രദീപ്കുമാർ, കെ കെ ലതിക, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, എസ്എസ്എഫ് കോഴിക്കോട് ഈസ്റ്റ് ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് യൂസഫ് എന്നിവരും പങ്കെടുത്തു.